തിരുവനന്തപുരം: കെഎസ്ഇബി ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചു. രണ്ട് എൽഇഡി ബൾബ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൂന്നാമത്തെ ബൾബ് സൗജന്യമായി ലഭിക്കും. ബിപിഎൽ കുടുംബങ്ങൾ, അങ്കണവാടികൾ, സർക്കാർ ആശുപത്രികൾ, എന്നിവയ്ക്ക് ബൾബുകൾ പൂർണമായും സൗജന്യമായി ലഭിക്കും. പുതുതായി ഗാർഹിക വൈദ്യുതി കണക്ഷൻ വാങ്ങുന്നവർക്ക് രണ്ട് എൽഇഡി ബൾബ് സൗജന്യമായി ലഭിക്കും. 6.89 ലക്ഷം ഉപഭോക്താക്കൾ ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
1.17 കോടി ബൾബുകളിൽ 1.15 കോടി ബൾബുകൾ ഇതിനകം വിതരണം ചെയ്തു.
74 കോടി രൂപയുടെ വരുമാനവും കെഎസ്ഇബി ഇതിലൂടെ നേടി. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാനാകും. ഫിലമെന്റ് ബൾബുകൾ പൂർണമായും ഒഴിവാക്കി എൽഇഡി ബൾബുകൾ സ്ഥാപിച്ച് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഊർജ കേരള മിഷൻ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്കായുള്ള മികച്ച സേവനങ്ങളിലൊന്നായി മാറുന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് പരമാവധി പ്രയോജനം നൽകുന്നതിലാണ് കമ്പനിയുടെ ദൗത്യം.





