കേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ലയായികേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം എന്ന ബഹുമതിയും കൊല്ലം ജില്ല മികച്ച മറൈന്‍ ജില്ല എന്ന പുരസ്‌കാരവും കരസ്ഥമാക്കി. തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുസ്ഥിര സമുദ്രവികസനത്തിനും വേണ്ടി സർക്കാർ സ്വീകരിച്ച നയങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ, എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കടൽ സമ്പത്തിന്റെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യത സാധാരണ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളും കേരള സർക്കാർ മുൻഗണനയാക്കി. ഈ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് സർക്കാർ സ്വീകരിച്ച നയങ്ങൾ രാജ്യത്തിനാകെ മാതൃകയായി മാറിയതിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.