പാലക്കാട്: ഇന്ന് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിധി എഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.
വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2,445 പേര്‍ 18-19 വയസുകാരുമാണ്. 780 ഭിന്നശേഷിക്കാരും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും പട്ടികയിലുണ്ട്. 229 പ്രവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.
ത്രികോണം മത്സരമാണ് പാലക്കാട്ട്. യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്ത്, എല്‍ഡിഎഫിന് വേണ്ടി ഡോ. പി സരിന്‍, എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവര്‍ മുഖ്യ സ്ഥാനാര്‍ത്ഥികളാണ്.
പോളിങ് നടത്തിപ്പിനായി 736 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് സ്റ്റേഷനുകളുണ്ട്. വെബ്കാസ്റ്റിംഗ് വഴി വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിക്കും.
പ്രശ്ന സാധ്യതയുള്ള 58 ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഏഴു പ്രശ്നബാധിത ബൂത്തുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും.
ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ന് പള്ളക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.