തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വർധിപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം മുതൽ 12 പൈസയുടെ കൂടി വർധനവുണ്ടാകും. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎൽ വിഭാഗത്തിലും ഈ വർധന ബാധകമാകും.
2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. നേരത്തെ 2017, 2019, 2022, 2023 എന്നീ വർഷങ്ങളിലും നിരക്ക് പരിഷ്കരണം നടത്തിയിരുന്നു.
151-200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു യൂണിറ്റിന് 20 പൈസ വർധിച്ചു. 101-150 യൂണിറ്റ് വരെ യൂണിറ്റിന് 15 പൈസ കൂട്ടി. 51-100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു 10 പൈസ വർധന. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ ഉപഭോക്താക്കൾക്ക് നിരക്ക് വർധന ഇല്ല. ആശ്രയ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ നിരക്കിലും മാറ്റമില്ല.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെഎസ്ഇബി, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിരക്ക് വർധന തീരുമാനം. ജലവൈദ്യുതി ഉൽപ്പാദനം കുറവായതും കരാർ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധിക ബുദ്ധിമുട്ടിന് കാരണമായത്.





