Kerala News

പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 190-ാമത്തെ ആശുപത്രിയായി പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 92.41% സ്‌കോറോടെയാണ് ഈ അംഗീകാരം ലഭിച്ചത്.

190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വലിയ നേട്ടമെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൽ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 129 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.

8 വിഭാഗങ്ങളിലായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച ആശുപത്രികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപയും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും ഇൻസെന്റീവ് ലഭിക്കും.

അംഗീകാരത്തിന്റെ 3 വർഷ കാലാവധിക്കുശേഷം ദേശീയതല പുന:പരിശോധനയും വാർഷിക സംസ്ഥാനതല പരിശോധനയും നടത്തുന്നതാണ്. ഈ സാമ്പത്തിക പിന്തുണയും പരിശോധനയും ആശുപത്രി വികസനത്തിന് ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *