തദ്ദേശസ്വയംഭരണതലത്തിൽ സംരംഭകസഭകൾ
കാർഷികമേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനപ്പുറം സംരംഭകത്വത്തിന്റെ, ചെറുകിട, ഇടത്തരം വ്യസായങ്ങളുടെ മേഖലയിൽ ഇടപെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ എൻജിനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സംരംഭകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനതപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ സഹകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല നിലയിൽ മുന്നോട്ട് വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായുള്ള സംരംഭങ്ങൾ, തൊഴിലവസരങ്ങൾ, വരുമാന വർദ്ധനവ് ഒക്കെയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇനി സാധാരണ ചെയ്യുന്ന പ്രവർത്തനങ്ങൾ മാത്രം നിർവഹിച്ചാൽ പോരെന്നും തൊഴിൽ, വരുമാനം, കൂടാതെ സാമ്പത്തിക വളർച്ചയുടെയും എൻജിനുകളായി തദ്ദേശയ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കണം എന്നതുമാണ് സർക്കാറിന്റെ കാഴ്ച്ചപ്പാട്.
വ്യവസായ വകുപ്പും, സഹകരണ വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും കൂട്ടായി പ്രവർത്തിച്ചുകൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യത്തിൽ കേരളത്തിലുണ്ടായിട്ടുള്ള ഗുണകരമായ അന്തരീക്ഷം മുന്നോട്ടു കൊണ്ടുപോകാൻ സംരംഭകസഭ സഹായകരമായിത്തീരും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിന്റെ തുടർച്ചയിൽ വ്യവസായ മേഖലയിൽ കേരളം ഇന്ത്യയ്ക്ക് നൽകുന്ന ഒരു പുതിയ മാതൃകയാണ് സംരംഭക സഭയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇത് ഒരു ജനകീയ മുന്നേറ്റമാണെന്നും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ചെറുകിട സംരംഭങ്ങൾക്ക് സംരംഭക സഭ വളരെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
സംരംഭകവർഷം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംരംഭകസഭകൾ സംഘടിപ്പിക്കുന്നത്. തദ്ദേശതലത്തിലുള്ള സംരംഭകരുടെ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്ക്ക് പരിഹാരങ്ങൾ നിർദേശിക്കാനും, വ്യവസായവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സംരംഭകത്വ പ്രോത്സാഹനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്താനും സംരംഭകസഭ ഉപയോഗിക്കും. ഐ. ബി. സതീഷ് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ, വ്യവസായ വാണിജ്യ ഡയറക്ടർ മീർ മുഹമ്മദ് അലി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്, പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ. ജെ. ഹരീന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.