മന്നാർ കടലിടുക്കിന് മുകളിലായി നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നു മുതൽ ശക്തമായ മഴയ്ക്കുള്ള സാധ്യത. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനൊപ്പം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പ്രവചിക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങും, എന്നാൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.