Kerala News

തമിഴ്‍നാട്ടില്‍ നിന്നും വില്പനക്കായി 210 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസ്

5 പ്രതികള്‍ക്ക് 10 വര്‍ഷവും 3 മാസവും കഠിനതടവും ഒരു ലക്ഷത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ

ലോറിയിലും കാറിലുമായി കഞ്ചാവ് അനധികൃതമായി കടത്തിയ കേസില്‍ 1 മുതല്‍ 5 വരെ പ്രതികളായ അരണാട്ടുകര ലാലൂര്‍ ദേശത്ത് ആലപ്പാട്ട് പൊന്തേക്കന്‍ ജോസ് 43 വയസ്സ്, വില്‍വട്ടം വില്ലേജ് മണ്ണുത്തി ദേശം വലിയവീട്ടില്‍ സുധീഷ് 45 വയസ്സ്, പഴയന്നൂര്‍ വടക്കേത്തറ നന്നാട്ടുകളം മനീഷ് 26 വയസ്സ്, മുളംകുന്നത്തുകാവ് കരുവാന്‍കാട് തേമണല്‍ രാജീവ് 45 വയസ്സ്, തമിഴ് നാട് തേനി ജില്ലയില്‍ ഉത്തമപാളയത്ത് 11/26നമ്പര്‍ വീട്ടില്‍ സുരേഷ് 38 വയസ്സ് എന്നിവരെ 10 വര്‍ഷവും 3 മാസവും കഠിനതടവിനും, ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.വി രജനീഷ് ശിക്ഷ വിധിച്ചു. പിഴയടക്കാത്തപക്ഷം 4 മാസം കൂടതലായി കഠിനതടവ് അനുഭവിക്കേണ്ടി വരും. കഞ്ചാവ് കടത്തിയ ലോറിയും, കാറും നിയമപ്രകാരം കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്.

2021 ജൂലൈ 24 ന് രാവിലെ 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൊരട്ടി സബ് ഇന്‍സ്പെക്ടര്‍ ആയ ഇ.എ. ഷാജുവും സംഘവും ചേര്‍ന്ന് കൊരട്ടി ഗവണ്‍മെന്റ് പ്രസ്സിനു സമീപം വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ലോറിയുടെ പ്ലാറ്റ് ഫോമില്‍ 15 പായ്ക്കറ്റുകളിലായി ചാക്കുകളില്‍ ‍സൂക്ഷിച്ചു വെച്ച കഞ്ചാവ് കണ്ടെടുത്തത്. ഏകദേശം 210 കിലോഗ്രാം കഞ്ചാവ് വാഹനങ്ങളില്‍ നിന്നും പിടിച്ചെടുക്കുകയുണ്ടായി. തുടര്‍ന്ന് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണ്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് വിസ്താര സമയം പ്രോസിക്യൂഷന്‍ ഭാഗത്തെ നടപടികള്‍ ഏകോപിപ്പിച്ചത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനോജ് ഗോപി യാണ്.

വിശാഖപട്ടണത്തില്‍ നിന്നും കോഴിത്തീറ്റ കൊണ്ടുവരുന്നതിനാണ് ജോസ് ലോറി ഓടിച്ചിരുന്നത്. പോകുന്ന വഴി കോയമ്പത്തൂര്‍ നിന്ന് ബെഡുകള്‍ എടുത്ത് വിശാഖപട്ടണ ത്തേക്കും കൊണ്ടുപോകാറുള്ളതാണ്. അതിനിടയില്‍ തമിഴ് നാട്ടില്‍ നിന്നുള്ള മഹേഷ് എന്നയാളെ പരിചയപ്പെടുകയും ലോഡിറക്കി തിരിച്ചു വരുമ്പോള്‍ കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരികയാണെങ്കില്‍ ഒന്നര ലക്ഷം രൂപ പ്രതിഫലം മഹേഷ് വാഗ്ദാനം ചെയ്തതിനെ ത്തുടര്‍ന്നാണ് കഞ്ചാവ് കടത്തുന്നതില്‍ ജോസും, കൂട്ടുപ്രതികളും ഉള്‍പ്പെട്ടത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്പനക്കായി എത്തിച്ചുകൊടുക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നി രുന്നത്.

അതിനിടയില്‍ വാഹനത്തിന്റെ എഞ്ചിന്‍ കേടായതിനെത്തുടര്‍ന്ന് സ്ക്രാപ്പ് കടയില്‍ നിന്നും വാങ്ങിയ പഴയ എ‍ഞ്ചിന്‍ അനധികൃതമായി ഫിറ്റ് ചെയ്താണ് ലോറി ഓടിച്ചിരുന്നത്. ആയതും പോലീസ് കണ്ടുപിടിക്കുകയുണ്ടായി. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 11 തൊണ്ടിമുതലുകളും, 76 രേഖകളും ഹാജരാക്കുകയും, 26 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

യുവതലമുറയെ നശിപ്പിക്കുന്ന മാരകമയക്കുമരുന്ന്, പണം മോഹിച്ച് വില്പനക്കായി കൊണ്ടു വരുന്ന പ്രതികള്‍ യാതൊരു കാരണവശാലും ദയയര്‍ഹിക്കുന്നില്ലെന്നും നിയമം അനുശാസി ക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്നുമുള്ള കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സോളി ജോസഫിന്റെയും, എന്‍ഡിപിഎസ് സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം. കെ. ഗിരീഷ് മോഹന്റെയും വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ഇപ്രകാരം ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *