Kerala News

പട്ടികജാതിയില്‍ ഉള്‍പ്പെട്ട യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് :

പ്രതികള്‍ക്ക് 4 വര്‍ഷവും 3 മാസവും തടവും 7500 രൂപ വീതം പിഴയും ശിക്ഷ
പട്ടികജാതിയില്‍ ‍ഉള്‍പ്പെട്ട യുവാവിനെ പൊതുവഴിയില്‍ ‍ വച്ച് തലയിലും, പുറത്തും അടക്കം ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്പിച്ച കേസില്‍ പ്രതികളായ ഇരിഞ്ഞാലക്കുട ആസാദ് റോഡ് നിവാസികളായ ‍കിട്ടത്ത് വീട്ടില്‍ പ്രിന്‍സ് 28 വയസ്സ്, കോലോത്ത് വീട്ടില്‍ അക്ഷയ് 27 വയസ്സ്, ഇളയേടത്ത് വീട്ടില്‍ അര്‍ജുന്‍ 24 വയസ്സ്‍, ഇളയേടത്ത് വീട്ടില്‍ അഖില്‍ 24 വയസ്സ്‍, ഇളയേടത്ത് വീട്ടില്‍ വിജീഷ് 42 വയസ്സ് വെള്ളാഞ്ചിറ ദേശത്ത് അച്ചാണ്ടി വീട്ടില്‍ രായത്ത് 23 വയസ്സ് എന്നീ 6 പ്രതികളെ വിവിധ വകുപ്പുകളിലായി 4 വര്‍ഷവും 3 മാസവും തടവിനും, 7500 രൂപ വീതം പിഴ അടയ്ക്കുന്നതിനും തൃശൂര്‍ SC/ST കേസുകള്‍ക്കുള്ള പ്രത്യേക കോടതി ജഡ്ജി കെ. കമനീസ് ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം ‍ 5 മാസവും 10 ദിവസവും അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പിഴ അടയ്ക്കുന്ന പക്ഷം, പ്രസ്തുത തുക പരിക്ക് പറ്റിയ ആള്‍ക്ക് നല്‍കുവാനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. മൂത്രത്തിക്കര സ്വദേശിയായ കുന്നത്ത് വീട് അനുബിന്‍ 23 വയസ്സ് എന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ച് പരിക്കേല്പിച്ചത്.

2020 ഫെബ്രുവരി 1-ാം തീയ്യതി രാത്രി ഒരു മണിക്ക് ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിലെ ഷഷ്ഠി ഉത്സവത്തിനോടനുബന്ധിച്ചുള്ള കാവടി വരവിനിടയില്‍ ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് സമീപത്തുള്ള റോഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ‍ പരിക്ക് പറ്റിയ അനുബിന്റെ അമ്മൂമ്മയുടെ വീട്ടുകാരും കേസില്‍ 2-ാം പ്രതിയായ അക്ഷയ് എന്നവരുടെ വീട്ടുക്കാരും തമ്മില്‍ വഴി സംബന്ധമായും അതിര്‍ത്തി സംബന്ധമായും കേസുകളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നുള്ള വിരോധത്താലാണ് അക്ഷയും കൂട്ടുകാരായ മറ്റ് പ്രതികളും ‍ ചേര്‍ന്ന് അനുബിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.

കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട DySP ആയിരുന്ന ഫേമസ് വര്‍ഗ്ഗീസ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ സിജിത്ത് ഇ.എസ്. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. കൃഷ്ണന്‍ ഹാജരായി.

സാമൂഹ്യപരമായി പിന്നോക്കം നില്‍ക്കുന്ന സമുദായത്തിലെ യുവാവിനെ സംഘം ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികള്‍ യാതൊരു കാരണവശാലും ദയ അര്‍ഹിക്കുന്നില്ലെന്നും, നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്നും മറ്റുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *