Kerala News

മുസിരിസ് പര്യവേഷണം വേണം: ടൈസണ്‍ എംഎല്‍എ ഹാര്‍മണി ഫെസ്റ്റിവലിനു തിരശീല ഉയര്‍ന്നു

കൊടുങ്ങല്ലൂര്‍: രണ്ടായിരം വര്‍ഷം മുമ്പ് കാടുകളും തുരുത്തുകളുമായിരുന്ന കേരളത്തിന്റെ തുറമുഖ പട്ടണമായിരുന്ന മുസിരിസിനെക്കുറിച്ച് അറിയേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ. അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന മതസൗഹാര്‍ദ സംഗീത-നൃത്ത കലാമേളയായ ഹാര്‍മണി ഫെസ്റ്റിവലിനു തുടക്കം കുറിച്ചുകൊണ്ടുള്ള ‘മുസിരിസ്’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രം ആധുനികതയിലേക്കുള്ള സ്പ്രിംഗ് ബോര്‍ഡ് ആണ്. ചരിത്രം അറിയുക മനുഷ്യന്റെ അവകാശമാണ്. ചരിത്രം മനുഷ്യ മനസിനെ വിശാലമാക്കും. മുസിരിസിന്റെ മണ്ണില്‍ അരങ്ങേറുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ മതസൗഹാര്‍ദത്തിന്റേയും ഐക്യത്തിന്റേയും ഉത്സവമാണ്. അദ്ദേഹം പറഞ്ഞു. ഭാവഗായകന്‍ പി. ജയചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ടാണു പരിപാടികള്‍ ആരംഭിച്ചത്.
കെസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ. പി.ജെ. ചെറിയാന്‍, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് മാനേജര്‍ ഡോ. മിഥുന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. പ്രൊഫ. ജോര്‍ജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റര്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, പ്രഫ. വി.എ. വര്‍ഗീസ്, ഏറിയാട് പഞ്ചായത്ത് മെമ്പര്‍ ലൈല സേവ്യര്‍, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സെക്രട്ടറി ബേബി മൂക്കന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, പി.എ. മനാഫ് എന്നിവര്‍ പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്നു സംഗീതോല്‍സവത്തില്‍ നൂറിലേറെ സംഗീത പ്രതിഭകള്‍ ഗാനാര്‍ച്ചന നടത്തും. വൈകുന്നേരം 6.30 ന് മതഹൗസൗഹാര്‍ദ സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്‌മസ്വരൂപാനന്ദ തീര്‍ത്ഥ, കെ. റിയാസ് മൗലവി അല്‍ ഹസനി, ആലുവ സെമിനാരി വൈസ് റെക്ടര്‍ ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകളം എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍ സിഎംഐ എന്നിവര്‍ പ്രസംഗിക്കും.

ഞായറാഴ്ച വൈകുന്നേരം ഏഴിനു സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ്‍ എംഎല്‍എ അധ്യക്ഷനാകും. അമ്പതിനായിരം രൂപ അടങ്ങുന്ന ഹാര്‍മണി അന്തര്‍ദേശീയ അവാര്‍ഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനു മന്ത്രി സമ്മാനിക്കും. വിവിധ മേഖലകളില്‍ മികവു പ്രകടമാക്കിയ പത്തു പ്രതിഭകളെ ആദരിക്കും. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര സിഎംഐ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നൗഷാദ് കറുകപാടത്ത് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് എം.ഡി. പോളി, ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, റീന മുരളി എന്നിവര്‍ നയിക്കുന്ന ഗാനമേളയുണ്ടാകും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 251 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *