Kerala News

‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഗൗരവതരമായ ഗവേഷണസാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് മുൻ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു. കേരള നിയസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ജനയുഗം മുൻ ന്യൂസ് എഡിറ്ററും കേരള കൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന രമേശ് ബാബുവിന്റെ ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അടുത്ത സഹപ്രവർത്തകൻ കൂടിയായ രമേശ് ബാബു തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച് മാധ്യമമേഖലയെ, ഗവേഷണബുദ്ധിയോടെ സമീപിക്കുകയും തന്റെ കണ്ടെത്തലുകൾ പുസ്തകരൂപത്തിൽ നമുക്കു മുന്നിൽ എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ശ്രീനാരായണ ഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം ആരംഭിക്കുകയും അതിന്റെ ഭാഗമായി തൊഴിലാളി എന്ന പത്രം പുറത്തിറക്കുകയും ചെയ്ത വാടപ്പുറം പി.കെ.ബാവയുടെ കൊച്ചുമകൻ കൂടിയാണ് രമേശ് ബാബു. ജനയുഗത്തിൽ ന്യൂസ് എഡിറ്ററായിരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തനായിരുന്നുവെന്നും എല്ലായ്പ്പോഴും ഗവേഷണബുദ്ധിയുളള ആളാണെന്നും കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകേണ്ട വലിയ ഗ്രന്ഥങ്ങൾക്കുളള മികച്ച തുടക്കമായി രമേശ് ബാബുവിന്റെ പുസ്തകത്തെ കാണുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ പുസ്തകത്തിന്റെ ആദ്യപ്രതി ബിനോയ് വിശ്വത്തിൽ നിന്ന് ഏറ്റുവാങ്ങി. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആരംഭകാലത്തെ കുറിച്ചാണ് രമേശ് ബാബു തന്റെ പുസ്തകത്തിനായി പഠനവിധേയമാക്കുന്നതെന്ന് ജനയുഗം എഡിറ്റർ രാജാജി മാത്യൂ തോമസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഗുണകരമായും എന്നാൽ അത്രയ്ക്ക് ഗുണകരമല്ലാതെയും കേരളത്തിലെ മാധ്യമങ്ങൾ എന്ത് പങ്കുവഹിച്ചു എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന രമേശ് ബാബുവിന്റെ പുസ്തകം ഏത് സാഹചര്യത്തിലാണ് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രസാധകക്കുറിപ്പിൽ തന്നെ വ്യക്തമാക്കുന്നുവെന്ന് കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

ആധുനിക കേരളത്തിന്റെ ശില്പിയായ ശ്രീനാരായണഗുരുവിന് തൊഴിലാളിപ്രസ്ഥാനങ്ങളുടെ വളർച്ചയിലും പങ്കുണ്ട് എന്ന വലിയ ചരിത്രവസ്തുത എന്തുകൊണ്ടോ തമസ്‌ക്കരിക്കപ്പെട്ടുവെന്നും എന്നാൽ അതിനെ അടിസ്ഥാനമാക്കിയാണ് താൻ പുസ്തകത്തിന്റെ ആരംഭം കുറിച്ചിരിക്കുന്നതെന്നും രമേശ് ബാബു മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *