കൊച്ചി: മലയാളത്തിന്റെ പ്രിയഗായകനായ പി. ജയചന്ദ്രന് യാത്രാമൊഴി. പറവൂർ പാലിയത്തെ തറവാട്ടു ശ്മാശനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ദിനനാഥൻ ചിതയ്ക്ക് തീ കൊളുത്തി. പാട്ടുകൾ കൊണ്ട് തലമുറകളുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായകനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിയിരുന്നു. ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും തുടർന്ന് ഉച്ചവരെ സംഗീത നാടക അക്കാദമി റീജനൽ തിയേറ്ററിലുമായിരുന്നു പൊതുദർശനം. അതിനുശേഷം മൃതദേഹം തിരികെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ട് വീട്ടിലെത്തിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, പ്രേംകുമാർ തുടങ്ങി നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി ആർ. ബിന്ദുവും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ. രാജനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുവേണ്ടി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും പുഷ്പചക്രം അർപ്പിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, ശ്രീകുമാരൻ തമ്പി, നടൻ മമ്മൂട്ടി, കലാമണ്ഡലം ഗോപി, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, പ്രിയനന്ദനൻ, ഔസേപ്പച്ചൻ, വിദ്യാധരൻ, ഷിബു ചക്രവർത്തി, ബാലചന്ദ്ര മേനോൻ, മനോജ് കെ. ജയൻ, എം.ജി. ശ്രീകുമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ, കേരള, ഗോവ ഗവർണർ ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു.




