Kerala News

ഹണി റോസിന്റെ പരാതി; രാഹുല് ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

കൊച്ചി: നടി ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ രാഹുല് ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും പരാതിയിൽ കേസെടുക്കാനാവശ്യമായ വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുന്നതായും പൊലീസ് കോടതിയിൽ വിശദീകരിച്ചു.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇത് അറിയിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ കൊച്ചി പൊലീസ് നടിയെ കോടതി വഴി പരാതി നൽകാമെന്ന് ഉപദേശിച്ചതായും ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. രാഹുലിന്റെ പരാമർശങ്ങൾ നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ചതായും അതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ പ്രചാരണം ഉണ്ടായതായും ആരോപണമുയർന്നു.

അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല് ഈശ്വറിന്റെ വാദം. ഹണിക്കെതിരായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിരുന്നു.

അതേസമയം, സംസ്ഥാന യുവജന കമ്മീഷനും ‘ദിശ’ എന്ന സംഘടനയും രാഹുലിനെതിരെ നടപടിയുമായി മുന്നോട്ട് വന്നിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ചാനലുകളിൽ നടത്തുകയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുകയുമാണെന്നായിരുന്നു യുവജന കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *