ന്യൂഡല്‍ഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീംകോടതി. 135 വർഷത്തെ കാലാവസ്ഥയെ അതിജീവിച്ചിട്ടുള്ളതാണ് അണക്കെട്ട്, അതിനാൽ ഭീതിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിലേക്ക് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത് 2027 ലാണ്. ഇത് 15 ലക്ഷം ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ്. അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിരിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ അണക്കെട്ട് പണിതശേഷം എത്ര മഴക്കാലമാണ് കടന്നുപോയതെന്ന് കോടതി ചോദിച്ചു.





