മുംബൈ: ഡോളറിന് എതിരായ വിനിമയത്തിൽ വീണ്ടും കൂപ്പുകുത്തി രൂപ. ഇന്ന് വ്യാപാരത്തുടക്കത്തിൽ 45 പൈസയുടെ ഇടിവ് രേഖപ്പെടുത്തി, നിലവിൽ 87.95 രൂപയിലേക്കാണ് രൂപയുടെ മൂല്യത്തകർച്ച. ആഗോള വിപണിയിൽ ഡോളറിന്റെ കരുത്താർജനവും ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെൻഡുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്ന രൂപ, ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലായി. സെൻസെക്‌സ് 343.83 പോയിന്റും, നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ സാധ്യതയുമാണ് വിപണിയുടെ മാന്ദ്യത്തിന് കാരണം.





