ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള ആഘോഷിക്കാൻ എത്തിയ തീർത്ഥാടകർ മണിക്കൂറുകളോളം വാഹന ഗതാഗതക്കുരുക്കിൽ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ അകപ്പെട്ടതായാണ് റിപ്പോർട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലരും റോഡുകളെ പാർക്കിംഗ് സ്ഥലങ്ങളാക്കി വാഹനം ഉപേക്ഷിച്ച് മടങ്ങി. മധ്യപ്രദേശ് വഴി എത്തുന്ന തീർത്ഥാടകരുടെ വരവാണ് ഗതാഗത തടസ്സം രൂക്ഷമാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. 200 മുതൽ 300 കിലോമീറ്റർ വരെ നീണ്ട കുരുക്കിനെതിരെ വിവിധ ജില്ലകളിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, നിരവധി വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ തടഞ്ഞു.
പിടിഐ റിപ്പോർട്ട് പ്രകാരം, പ്രയാഗ്രാജിലേക്ക് നീങ്ങാനാകാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു. കട്‌നി, ജബൽപ്പൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളും ട്രക്കുകളും അകപ്പെട്ടതായി സോഷ്യൽ മീഡിയ വീഡിയോകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ പൊലീസ് തിങ്കളാഴ്ച വരെ ഗതാഗത നിയന്ത്രണം തുടരുമെന്നും, യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചിരിക്കുന്നതായും അറിയിപ്പ് നൽകിയിട്ടുണ്ട്.





