കൊച്ചി: 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ വീണു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ തോമസ് ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഡിസംബർ 29-നായിരുന്നു എംഎൽഎ വീണ് ഗുരുതരമായി പരിക്കേൽക്കുന്നത്.
ആശുപത്രി അധികൃതർ നൽകിയ വിവരങ്ങൾ അനുസരിച്ച്, തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നർത്തകി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 നർത്തകർ ചേർന്ന് അവതരിപ്പിച്ച ഗിന്നസ് റെക്കോർഡ് പരിപാടിയായ “മൃദംഗനാദം” നടക്കുന്നതിനിടെ അശാസ്ത്രീയമായി നിർമ്മിച്ച സ്റ്റേജിൽ നിന്ന് പതിനഞ്ച് അടി താഴ്ചയിലേക്ക് വീണ് ഉമ തോമസ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കഴിയുന്നതിനിടെ പൊതുപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.





