കൊച്ചി: 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സുപ്രധാന പദ്ധതിയായ സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സില്‍വര്‍ലൈനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തുന്നത് ഇതാദ്യമായാണ്.
രാജ്യത്തെ വളര്‍ച്ച, വികസനം, സാമ്പത്തിക മുന്നേറ്റം എന്നിവയ്ക്കായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ നാലുലക്ഷം കോടി ഡോളറിലെത്തിയ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 2047 ഓടെ 30-35 ലക്ഷം കോടി ഡോളറാക്കാന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
ബഹ്റൈനുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (FTAs) ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളം കൈവരിച്ച വിവിധ മേഖലകളിലെ മുന്നേറ്റങ്ങള്‍ അദ്ദേഹം പ്രശംസിക്കുകയും നിക്ഷേപകരോട് കേരളത്തിലും ഇന്ത്യയിലും നിക്ഷേപം നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ ഏകദേശം 3,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.





