31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും
എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ 13 വരെ കൊച്ചിയില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നടി ഉര്‍വശി നിര്‍വഹിക്കും.
സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ലോകസിനിമാ വിഭാഗത്തില്‍ 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്‌കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ്, കഴിഞ്ഞ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയ മൂന്ന് ചിത്രങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിലെ സിനിമകള്‍ കാണുന്നതിന് ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ.
മേളയുടെ ഭാഗമായി ഫെബ്രുവരി 11,12,13 തീയതികളില്‍ സവിത തിയേറ്റര്‍ പരിസരത്ത് ഓപ്പണ്‍ ഫോറം, സംഗീതപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
ഫെബ്രുവരി 11ന് ഭദ്ര റജിന്‍ മ്യൂസിക് ബാന്‍ഡ്
ഫെബ്രുവരി 12ന് ഇന്ദുലേഖ വാര്യര്‍ ഡിജെ
ഫെബ്രുവരി 13ന് വാട്ടര്‍ ഡ്രംസ് ഡിജെ ഭദ്ര കാന്താരീസ്
എന്നീ സംഗീതപരിപാടികളാണ് സംഘടിപ്പിക്കുക.