Kerala News

സ്വപ്നപ്പന്തിനെ പിന്തുടർന്ന് രേഷ്മ; ഗോകുലം കേരള എഫ്.സിയിലേക്ക് ക്ഷണം

തൃശൂർ: എതിരാളികളെ മറികടന്ന് പന്തുമായി കുതിക്കുമ്പോഴൊക്കെയും രേഷ്മ ജയേഷിന്റെ മനസ്സിൽ ഒരേയൊരു സ്വപ്നം – കേരള വനിത ഫുട്ബോളിന് പുതിയ മുഖം നൽകുക. കേരള വനിത ലീഗിൽ ടോപ് സ്കോററായി തിളങ്ങിയ രേഷ്മയുടെ യാത്ര അതിജീവനത്തിന്റെ കഥയാണ്.

മാള കാർമൽ കോളജിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ രേഷ്മ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങി. വീടിനടുത്ത് ചേട്ടന്മാരുമൊത്ത് കളിച്ചുകൊണ്ടാണ് ഫുട്ബാളിലേക്ക് കടന്നത്. ഏഴാം ക്ലാസിൽ സ്കൂൾ ടീമിൽ അംഗമായ രേഷ്മ ഇന്ന് കേരള യുണൈറ്റഡ് എഫ്.സി താരമാണ്.

ആദ്യ കാലങ്ങളിൽ വീട്ടിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും അച്ഛൻ ജയേഷ് തുടക്കം മുതൽ പ്രോത്സാഹനം നൽകിയിരുന്നതായി രേഷ്മ പറയുന്നു. ഇപ്പോൾ കുടുംബത്തിന്റെ മുഴുവൻ പിന്തുണ ലഭിക്കുന്നു. ലതികയാണ് അമ്മ, ഗ്രീഷ്മ സഹോദരി .

2022-2023 ദേശീയ വനിതാ ഫുട്ബോളിൽ കേരള ടീമിനായും 2023 ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിലും കേരളത്തിനായി കളിച്ച രേഷ്മ, 2023ൽ ഇന്ത്യൻ വിമൻസ് ലീഗിൽ ലോർഡ്സ് എഫ്.എ ക്ലബിനായി കളിച്ചു. കേരള വനിത ലീഗിൽ 10 മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടിയ രേഷ്മ ടോപ് സ്കോററായി .

തുടർച്ചയായ മികച്ച പ്രകടനത്തിനുശേഷം ഗോകുലം കേരള എഫ്.സിയിൽ നിന്ന് ക്ഷണം ലഭിച്ച രേഷ്മ, ഡിസംബറിൽ നടക്കുന്ന സീനിയർ വിമൻസ് ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് രേഷ്മയുടെ പ്രിയപ്പെട്ട ഫുട്ബാളർ. ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുന്നത് തന്റെ ആഗ്രഹമാണെന്നും രേഷ്മ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *