Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് 4:30 മുതല്‍ രാവിലെ 11 വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല.

തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം.

രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരം കലശമാടല്‍ ആരംഭിക്കും, അതിനുശേഷമേ ബ്രഹ്മകലശാഭിഷേകം നടക്കുകയുള്ളൂ. ശ്രീലകത്തുനിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഓതിക്കന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ബ്രഹ്മകലശം എഴുന്നള്ളിക്കും.

ബ്രഹ്മകലശത്തിനും ആയിരം കലശങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി. വെള്ളിയാഴ്ച ക്ഷേത്ര കൂത്തമ്പലത്തില്‍ കീഴ്ശാന്തിമാര്‍ കലശകുംഭങ്ങള്‍ ഒരുക്കി. 976 വെള്ളിക്കുംഭങ്ങളും 25 സ്വര്‍ണ്ണക്കുംഭങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *