Kerala News

ഗുരുവായൂര്‍ ആനയോട്ടം: കൊമ്പന്‍ ബാലുവിന് വിജയം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനവും പിടിയാന ദേവി നാലാം സ്ഥാനവും നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.

നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെ 5 ആനകളെ ആനയോട്ടത്തിന് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടം ആരംഭിച്ചു. ഞായറാഴ്ച ബ്രഹ്മകലശത്തിനുശേഷം, ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടന്നു.

വിജയിയായ ഗുരുവായൂര്‍ ബാലുവിന് ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ പ്രത്യേക പരിഗണന ലഭിക്കും. ആനയോട്ടത്തിന് മുന്നോടിയായി വ്യക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. ഭക്തര്‍ക്കും ആനകള്‍ക്കും ഇടയില്‍ നിശ്ചിത അകലം പാലിച്ചു കൊണ്ടായിരുന്നു ആനയോട്ടം.

മുമ്പ് വടക്കേ നടപ്പന്തലിലായിരുന്നു ആനയൂട്ട്, എന്നാല്‍ ജനത്തിരക്കും സുരക്ഷാ പ്രശ്‌നവും പരിഗണിച്ച് ഇത്തവണ ആനക്കോട്ടയിലേക്ക് മാറ്റി.

പത്തുദിവസത്തെ ഉത്സവാഘോഷങ്ങള്‍ തിങ്കളാഴ്ച രാത്രി ആരംഭിക്കും. ഉത്സവ കൊടിയേറ്റത്തിനായുള്ള സപ്തവര്‍ണക്കൊടി ശ്രീലകത്ത് കൊണ്ടുപോയി ചൈതന്യം പകരും. രാത്രി സ്വര്‍ണക്കൊടിമരത്തില്‍ തന്ത്രി കൊടിയേറ്റം നിര്‍വഹിച്ചാല്‍ ക്ഷേത്രനഗരം ഉത്സവലഹരിയിലേയ്ക്കു കുതിക്കും. മേളപ്പെരുക്കം, കലാപരിപാടികള്‍ എന്നിവയോടെ ക്ഷേത്രോത്സവം വിപുലമായി ആഘോഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *