ആളൂര്‍ വിശ്വനാഥപുരം അമ്പലത്തിലെ ഉത്സവത്തിനിടയില്‍ സി.പി.എം അനുഭാവിയായ മാഹിന്‍ എന്നവര്‍ ഉത്സവപറമ്പില്‍ വന്ന കാര്യം പോലീസിനെ അറിയിച്ചു എന്ന തെറ്റിദ്ധാരണമൂലം BJP അനുഭാവികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആളൂര്‍ പെട്രോള്‍ പമ്പിനു സമീപം തിരുനെല്‍വേലിക്കാരന്‍ ബാവ എന്ന ഷബീക്ക് എന്നവരെ വിവിധ വകുപ്പുകള്‍ പ്രകാരം 11 വര്‍ഷവും ആറ് മാസവും കഠിനതടവിനും 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വി രജനീഷ് ശിക്ഷ വിധിച്ചു.
2006 ഫെബ്രുവരി 21 രാവിലെ 11 മണിക്ക് ആളൂര്‍ സെന്ററിലെ ഹോട്ടലിനു മുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് പ്രതികളുണ്ടായിരുന്ന കേസില്‍ ഒന്നാം പ്രതിയാണ് ബാവ @ ഷബീക്ക്. കേസിലെ മറ്റു പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിയായ ബാവ ഒളിവില്‍ പോയതിനാല്‍ കേസ് split ചെയ്ത് വാദം നടത്തുകയായിരുന്നു. ഒന്നാം പ്രതി മറ്റ് പ്രതികളുമായി കൂട്ടുചേര്‍ന്ന് മാരകായുധമായ ഇരുമ്പുപൈപ്പും, വാളും ഉപയോഗിച്ച് മനോജ് എന്നവരെ വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 9 തൊണ്ടിമുതലുകളും 34 രേഖകളും ഹാജരാക്കുകയും 22സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കൊടകര എസ്.ഐ ആയിരുന്ന ഇ.പി. അഗസ്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സി.ആര്‍. സേവ്യര്‍ എന്നവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് ഗ്രേഡ് സിവില്‍ പോലീസ് ഓഫീസറായ ബിനോജ് ഗോപി എന്നവരാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സോളി ജോസഫ് സി.യും അഭിഭാഷകരായ അഡ്വ. ഹണി ചരുവില്‍, അഡ്വ. അലന്‍ റിച്ചാര്‍ഡ് എന്നിവരും ഹാജരായി.