തിരുവനന്തപുരം: അമ്മേ നാരായണ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍ അനന്തപുരിയില്‍ നിന്ന് മടങ്ങി. ഉച്ചയ്ക്ക് 1.15ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, തിരുവനന്തപുരം നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി ക്ഷേത്ര ദീപം പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രതീക്ഷിച്ചതിലേറെ ഭക്തജനങ്ങള്‍ പങ്കെടുത്തു. സിനിമ-സീരിയല്‍ താരങ്ങള്‍ക്കൊപ്പം സമരരംഗത്തുള്ള ആശാ വര്‍ക്കര്‍മാരും പൊങ്കാല അര്‍പ്പിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.