ഫ്‌ലോറിഡ: ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) ഇവരെ വഹിക്കുന്ന പേടകം സുരക്ഷിതമായി ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷ.
സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയത്തില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരോടൊപ്പമാണ് തിരിച്ചെത്തുന്നത്.
ഇന്നലെ രാവിലെ 9.30ന് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്ലെയിന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് പുതിയതായി ബഹിരാകാശ നിലയത്തിലെത്തിയത്.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് നാലംഗ ക്രൂ-10 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ ഈസ്റ്റേണ്‍ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് സംഘം നിലയത്തിലേക്ക് പ്രവേശിച്ചത്.