പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ വിതം പിഴയും ശിക്ഷ
അനധികൃത വില്പനക്കായി 20.845കി.ഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ പ്രതികളായ പാലക്കാട് മങ്കര മാങ്കുറിശ്ശി സ്വദേശിയും ഇപ്പോള്‍ ചാലക്കുടി വെള്ളാഞ്ചിറയില്‍ താമസക്കാരനുമായ മേലേപ്പറമ്പില്‍ രാജേഷ് 44 വയസ്സ്, കിഴക്കേ ചാലക്കുടി കിഴക്കേ പോട്ട അറയ്ക്കല്‍ മാളക്കാരന്‍ രഞ്ജു 43 വയസ്സ്, എന്നവരെ 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വി. രജനീഷ് ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 3 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.
2021 ആഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയിലൂടെ വില്പനക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിനിടയില്‍ കഞ്ചാവുമായി മഹീന്ദ്ര പിക്ക് അപ്പ് വാഹനമോടിച്ച് രാജേഷും, സഹയാത്രികനായി രഞ്ജുവും വരുന്നതിനിടെ മുരിങ്ങൂരിലെ സര്‍വീസ് റോഡിനടുത്തു വെച്ച് കൊരട്ടി പോലീസ് സബ് ഇൻസ്പെക്ടര്‍ ഷാജു ഇ.ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
ധാരാളം കുടുംബങ്ങളെയും, പ്രത്യേകിച്ച് യുവതലമുറയെയും നശിപ്പിക്കുന്ന മാരകമയക്കുമരുന്നായ കഞ്ചാവ് പണംമോഹിച്ച് അനധികൃതമായി കൊണ്ടു വന്ന് വില്പന നടത്തുന്ന പ്രതികള്‍ യാതൊരു വിധ ദയയും അര്‍ഹിക്കുന്നില്ലെന്നും, നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്കു നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 67 രേഖകളും, തൊണ്ടിമുതലും ഹാജരാക്കുകയും, 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. കൊരട്ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയിരുന്ന ബി.ആര്‍. അരുണ്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ നടപടികള്‍ സി.പി.ഒ. ആയ ബിനോജ് ഗോപി ഏകോപിപ്പിച്ചു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി തൃശ്ശൂര്‍ എന്‍.ഡി.പി.എസ്. സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.കെ. ഗിരീഷ്‍മോഹന്‍, അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സോളി ജോസഫ്, മുന്‍ അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിനി ലക്ഷ്മണ്‍ പി. എന്നിവര്‍ ഹാജരായി.





