India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്.

കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു.

“ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് കായിക താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകും, രാജ്യത്തെ കായിക മേഖല വളർത്തും” – മോദി വ്യക്തമാക്കി.

28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 10,000ത്തിലധികം കായിക താരങ്ങൾ മത്സരിക്കുന്ന ഈ ഗെയിംസിൽ 11 വേദികളിലായി 43 മത്സര ഇനങ്ങൾ അരങ്ങേറും. കേരളത്തിൽ നിന്ന് 29 ഇനങ്ങളിൽ പങ്കെടുക്കാൻ 437 താരങ്ങളാണ് എത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ബാസ്‌ക്കറ്റ്ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *