പത്തനംതിട്ട : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു-മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറി. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു .
3 മുതല്‍ 10 വരെ ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും നടക്കും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പിന് ശേഷം പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ട കഴിഞ്ഞ് ശ്രീകോവിലിനു പുറത്ത് ഒരുക്കുന്ന അറയില്‍ ദേവന്റെ പള്ളിയുറക്കം നടത്തും.
ഉത്സവ സമാപനം 11ന് ഉച്ചയ്ക്ക് പമ്പയില്‍ ആറാട്ടോടെയായിരിക്കും. വിഷുക്കണി ദര്‍ശനം 14ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയായിരിക്കും. മണ്ഡല മകരവിളക്കിനു ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാല്‍ 18 വരെ ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ വഴിയും പമ്പയില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉത്സവത്തിനുള്ള കൊടിക്കൂറ, കയര്‍ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമര്‍പ്പിച്ചു.





