വാഷിങ്ടണ്‍: വിദേശ സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ചുമത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് എന്നിവക്ക് നികുതി പരിഷ്‌കരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. “അമേരിക്കയിലെ സിനിമ വ്യവസായം അതിവേഗം മരിച്ചുപോകുകയാണ്. ഹോളിവുഡും മറ്റ് മേഖലകളും തകര്‍ന്നുപോകുന്നു. ഇതിന് കാരണം, മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ്,” എന്ന് ട്രംപ് കുറ്റപ്പെടുത്തി.
വിദേശ രാജ്യങ്ങളുടെ സംഘടിത ശ്രമമാണ് ഇതിന് പിന്നില്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ദേശീയ സുരക്ഷാ ഭീഷണിയായി കാണണമെന്നും വ്യക്തമാക്കി.
മുന്‍പ് വ്യവസായ മേഖലകളില്‍ സ്വീകരിച്ച പകരച്ചുങ്ക നയം ഇപ്പോൾ വിനോദ വ്യവസായത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ഇനി മുതൽ യു.എസ്. പുറത്തു നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% ഇറക്കുമതി തീരുവ (താരിഫ്) ബാധകമാകും.





