കേരളത്തിൽ ആദ്യമായി ആരംഭിച്ച ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ ആണ് കാക്കനാട് സജ്ജമായിരിക്കുന്നത്. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും കൗൺസിലർമാരുടെ സേവനവും സെൻററിൽ ലഭ്യമാകും. നടപ്പു സാമ്പത്തിക വർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾ തന്നെയാണ് സെന്റർ പ്രവർത്തിപ്പിക്കുക എന്ന് മന്ത്രി പറഞ്ഞു
മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയുണ്ട്. അവരെ സമൂഹത്തിന്റെ പിന്തുണ നൽകി, സമൂഹത്തിൻ്റെ മുഖ്യധാരയോട് ചേർക്കേണ്ടതുണ്ട്. മാനുഷികമായ പരിഗണനയും സാധ്യമാക്കേണ്ടതുണ്ട്.അതിനായി സമഗ്രതയാർന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. അതിൻ്റെ ഭാഗമായിട്ടാണ് അവരുടെ ശാരീരികവും മാനസികവുമായ ആകുലതകൾ പരിഹരിക്കാൻ വേണ്ടിയുള്ള ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ ആരംഭിച്ചിരിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.സാമൂഹ്യനീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള സമൂഹത്തിൻ്റെ മനോഭാവത്തിൽ മാറ്റം ഉണ്ടാവട്ടെ എന്ന് മന്ത്രി പറഞ്ഞു.





