തൃശ്ശൂര്‍ ശക്തന്‍ നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് തിരുവനന്തപുരം സ്വദേശിയായ മോഹനൻ പിള്ള എന്നവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊല്ലം മൺട്രോതുരുത്ത് പടിഞ്ഞാറേ കല്ലട ഇടിയ കടവ് സ്വദേശി ദേവസ്യ മകൻ പറയത്തോട്ടിൽ ബേബി ( 73 വയസ്സ് ) എന്നവരെ ജീവപര്യന്തം കഠിതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം രണ്ട് വർഷം അധികതടവ് അനുഭവിക്കണം.
2023 ഏപ്രിൽ 14 ന് രാത്രി 10.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മോഹനന്‍ പിള്ളയും, പ്രതിയും ഭിക്ഷാടകരായിരുന്നു. ബസ് സ്റ്റാന്‍ഡിനടുത്തുള്ള നക്ഷത്ര ഹോട്ടലിനു മുൻപിൽ ഇരിക്കുകയായിരുന്ന മോഹനന്‍ പിള്ളയെ പ്രതി തന്റെ കൈവശമുള്ള മൂർച്ചയേറിയ കത്തി കൊണ്ട് കുത്തി മാരകമായ പരിക്കേൽപിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, മോഹനന്‍പിള്ള മരണപ്പെടുകയായിരുന്നു. നഗരത്തില്‍ ഭീക്ഷാടനം നടത്തിയിരുന്ന ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുകള്‍ നടന്നിരുന്നു. അപ്രകാരമുള്ള മുന്‍വൈരാഗ്യത്താലാണ് കൊലപാതകം നടന്നത്. കത്തി കൊണ്ട് കുത്തിയ പരിക്കു മൂലമാണ് മോഹനന്‍പിള്ളയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ തെളിഞ്ഞിരുന്നു. സംഭവസമയത്ത് ജോലി കഴിഞ്ഞു വരുമ്പോൾ സംഭവം കണ്ട ദൃക് സാക്ഷിയുടെ മൊഴിയും കേസില്‍ നിർണ്ണായകമായി. കൂടാതെ സമീപത്തെ കെട്ടിടത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അടങ്ങിയ തെളിവുകളും പ്രതിയെയും ആയുധങ്ങളും തിരിച്ചറിയുന്നതിന്ന് സഹായിച്ചു.
കേസില്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജോർജ് മാത്യു കേസ്സ് രജിസ്റ്റർ ചെയ്ത കേസില്‍ ഇൻസ്പെക്ടർമാരായ ലാൽ കുമാർ, അലവി എന്നിവരാണ് പ്രാരംഭ അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടറായ ആന്റണി ക്രോംസൺ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കോടതിയില്‍ അഡ്വ. സി. രാജീവ് കുമാർ, പോലീസ് ലെയ്സൺ ഓഫീസർ കെ.ഡി. ജൂലി എന്നിവർ പ്രോസിക്യൂഷൻ ഭാഗത്ത് സഹായികളായി പ്രവര്‍ത്തിച്ചു.
കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ് കുമാര്‍ ഹാജരായി.





