തിരുവനന്തപുരം: പാറശാല ഷാരോണ് വധക്കേസില് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ. എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന് ശ്രമം. ഓള് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം നടത്താൻ ശ്രമിച്ചത്.
ഇന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം നടന്നത്. പരിപാടി നടത്താനുള്ള വിവരം സംഘാടകർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും, പ്രത്യേകാനുമതി നൽകിയിരുന്നില്ല. പ്ലക്സ് ബോർഡ് ഉൾപ്പെടെ പരിപാടിക്ക് ഉപയോഗിച്ച വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ ഉദ്ഘാടനത്തിനായി സ്ഥലത്തെത്തിയതോടെ പൊലീസ് ഇടപെട്ടു. സംഘടനാ പ്രവർത്തകരുടെ മൊഴിയനുസരിച്ച്, മ്യൂസിയം എസ്.ഐ.യും സർകിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിപാടി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.





