Kerala News

‘പാട്ടിലൂടെ നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു’; റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാര്‍. പ്രധാനമന്ത്രിയെ കപട ദേശീയവാദിയെന്ന് അവഹേളിച്ചുവെന്നാരോപിച്ചാണ് കേസ്. പരാതിയോട് ചേർന്ന് ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതായി മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

എന്നാല്‍, താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് കാരണം എന്നായിരുന്നു ആരോപണങ്ങള്‍ക്ക് വേടന്‍ നല്‍കിയ മറുപടി. വേടന്‍ റാപ്പ് എന്തിനാണ് ചെയ്യുന്നതെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവും ത്രീവഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *