ജോലിസ്ഥലത്തെ മാനസികപീഢനത്തെത്തുടര്ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില് പ്രതികളായ ഇടുക്കി ജില്ലയിലെ തടിയമ്പാടി സ്വദേശി ബെന്നി മാത്യു 59 വയസ്സ്, പത്തനംതിട്ട കൂടംകര വര്ഗ്ഗീസ് ജോര്ജ്ജ് 64 വയസ്സ്, ഇടുക്കി രാജകുമാരി സ്വദേശി കൊച്ചുകുടിയാറ്റില് ആല്ബിന് സിബി 28 വയസ്സ് എന്നവരുടെ മുന്കൂര്ജാമ്യാപേക്ഷകള് തള്ളി തൃശ്ശൂര് ജില്ലാ സെഷന്സ് ജഡ്ജി ശശികുമാര് പി.എസ്. ഉത്തരവായി. പ്രതികള് ഹാരിസണ് പ്ലാന്റേഷന്സിലെ സീനിയര് മാനേജര്, ജുനിയര് എക്സിക്യൂട്ടിവ്, ഫീല്ഡ് മാനേജര് പദവികള് വഹിച്ചു വരികയായിരുന്നു.
2026 സപ്തംബര് 21 ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ് പ്ലാന്റേഷന്സിനു കീഴിലുള്ള കുണ്ടായി എസ്റ്റേറ്റിലെ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന യുവതി ജോലിസ്ഥലത്തുണ്ടായ മാനസികസമ്മര്ദ്ദത്തെത്തുടര്ന്ന് എസ്റ്റേറ്റിലെ ഇലക്ട്രിക് ടവര് വയറില് തൂങ്ങിമരിക്കുകയായിരുന്നു. സ്റ്റോറിന്റെ ചുമതല വഹിച്ചിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ഫീല്ഡ് വാച്ചറായി സ്ഥാനമാറ്റം നടത്തിയതിനെത്തുടര്ന്നുണ്ടായ ജോലി സമ്മര്ദ്ദവും, മാനസിക സമ്മര്ദ്ദവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. യുവതിയുടെ ആത്മഹത്യയെത്തുടര്ന്ന് തൊഴിലാളികളും, ജനങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്ന്ന് സ്ഥലത്ത് സംഘര്ഷാവസ്ഥ നിലനിന്നിരുന്നു. തുടര്ന്ന് വരന്തരപ്പിള്ളി പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര് ചെയ്തതറിഞ്ഞ ഒന്നും രണ്ടും പ്രതികള് ഒന്നിച്ചും, മൂന്നാം പ്രതി തനിച്ചും തൃശ്ശൂര് ജില്ലാ സെഷന്സ് കോടതിയില് വെവ്വേറെ മുന്കൂര്ജാമ്യാപക്ഷ നല്കിയിരുന്നു.
പ്രതികളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തെളിവുകള് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ടെന്നും, മാനേജ്മെന്റിന്റെ തെറ്റായ പ്രവര്ത്തനം മൂലം ഒരു സാധാരണതൊഴിലാളി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവം നിസ്സാരമായി കാണേണ്ടതല്ലെന്നും, ജാമ്യം ലഭിക്കുന്ന പക്ഷം പ്രതികള് സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകള് നശിപ്പിക്കാനും ഇടയുണ്ടെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതേന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവണ്മെന്റ് പ്ലീഡര് കെ.പി. അജയകുമാറിന്റെ വാദങ്ങള് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളി ഉത്തരവായത്.





