India News

പശ്ചിമേഷ്യയിൽ സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ; നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റിനെയും വിളിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുമായി തുടരുന്ന സംഘർഷം രൂക്ഷമാകുന്നതിനിടെ, സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നതിനു ശേഷമാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യയുടെ നിലപാട് വ്യക്തമായി മോദി ആവർത്തിച്ചു.

അതേസമയം, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഞായറാഴ്ച രാത്രി ഫോണിൽ സംസാരിച്ച മോദി, രാജ്യത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *