Kerala News

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ഉച്ചയ്ക്ക് 2 മുതൽ ദർശനം, കനത്ത സുരക്ഷ

കൊച്ചി: പ്രശസ്തമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 9.30 വരെ ഭക്തർക്ക് ദർശന സൗകര്യമൊരുക്കിയിട്ടുണ്ട്. പുലർച്ചെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടുകൂടി മകം എഴുന്നള്ളിപ്പ് നടക്കും. നിത്യച്ചടങ്ങുകളും ശ്രീഭൂതബലിയും പൂർത്തിയാക്കിയ ശേഷം അലങ്കാരത്തിനായി നട അടയ്ക്കും. പകൽ 1 മണിമുതൽ മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. മകം നാളിൽ ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ദേവി സർവാഭരണവിഭൂഷിതയായി ദർശനം നൽകിയതെന്ന ഐതിഹ്യമാണ് ഈ ആചാരത്തിന്റെ അടിസ്ഥാനം. വരദാഭയമുദ്രകളോടെ തങ്കഗോളകം, സ്വർണക്കിരീടം, വിശേഷ സ്വർണാഭരണങ്ങൾ, പട്ടുടയാടകൾ, പുഷ്പാലങ്കാരം എന്നിവയോടെ ദേവി അലങ്കരിക്കപ്പെടും; ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളുടെ പ്രകാശം ദർശനത്തിന് ഭക്തിമുദ്ര നൽകും.

ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന സാഹചര്യത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ സംവിധാനവും ക്ഷേത്രത്തിനകത്തും പുറത്തുമായി ബാരിക്കേഡുകളും താത്കാലിക പന്തലുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മകം ദർശനത്തിനു ശേഷം മേളത്തോടുകൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *