Agriculture India News

മഴയുടെ അഭാവം; ഖാരിഫ് കൃഷിവിസ്തൃതിയിൽ 21% ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്ത് മഴയുടെ അഭാവവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂൺ വൈകിയെത്തിയതും കാരണം ഖാരിഫ് സീസണിലെ കൃഷിവിസ്തൃതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കേന്ദ്ര കാര്‍ഷിക മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ 6 വരെ ആകെ 350.85 ലക്ഷം ഹെക്ടറിലാണ് ഖാരിഫ് വിളകള്‍ വിതച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 442.8 ലക്ഷം ഹെക്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നെല്‍വിത്തിടലിലും ഇടിവ് രേഖപ്പെടുത്തി. ഇത്തവണ ജൂലൈ 6 വരെ 60.24 ലക്ഷം ഹെക്ടറിലാണ് നെല്‍ കൃഷി നടന്നത്. കഴിഞ്ഞ വര്‍ഷത്തെ 69.3 ലക്ഷം ഹെക്ടറില്‍നിന്ന് ഇത് 13 ശതമാനം കുറവാണ്.

പയര്‍വര്‍ഗങ്ങളുടെ കൃഷിവിസ്തൃതിയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 47.49 ലക്ഷം ഹെക്ടറില്‍നിന്ന് ഇത്തവണ 37.15 ലക്ഷം ഹെക്ടറായി കുറഞ്ഞതായി മന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഴയുടെ കുറവും മണ്‍സൂൺ വൈകിയെത്തിയതും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഖാരിഫ് വിത്തിടല്‍ മന്ദഗതിയിലാക്കുകയും അതുവഴി ആകെ കൃഷിവിസ്തൃതിയില്‍ ഇടിവുണ്ടാകുകയും ചെയ്തതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *