
ന്യൂഡൽഹി: ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി സംവിധാനങ്ങൾക്കും യോഗയ്ക്കും ഉൾപ്പടെ സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് ഗൈഡ്ലൈനുകൾ പുറത്തിറക്കി കേന്ദ്ര ആയുഷ് മന്ത്രാലയം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (DGHS) ആയുഷ് വിഭാഗമാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. ചികിത്സാരീതികളിൽ ഏകീകൃതത ഉറപ്പാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
11-ാമത് ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. സോറിയാസിസ്, ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ, ഉർട്ടിക്കേറിയ, ഡെർമറ്റോഫൈറ്റോസിസ് തുടങ്ങിയ സാധാരണ ത്വക്ക് രോഗങ്ങളുടെ പ്രതിരോധം, രോഗനിർണയം, ചികിത്സ, തുടർപരിചരണം എന്നിവ സംബന്ധിച്ച നിർദേശങ്ങൾ ഇതിലുണ്ട്.
ആയുഷ് ചികിത്സാരീതികളെ രാജ്യത്തെ ആരോഗ്യസംവിധാനവുമായി കൂടുതൽ സംയോജിപ്പിക്കാനും രോഗികൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കാനും മാർഗനിർദേശങ്ങൾ സഹായിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാധവ് പറഞ്ഞു.




