
സി.പി.ഐ(എം) പ്രവര്‍ത്തകനും ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ തോമസ് മകന്‍ ബിജു (31 വയസ്സ്)വിനെ വെട്ടിക്കൊലപ്പെടുത്തുകയും, സിഐടിയു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് ദേശത്ത് പന്തലങ്ങാട്ട് രാജന്‍ മകന്‍ ജിനീഷിനെ (39 വയസ്സ്) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തൃശൂര്‍ 3-ാം അഡീഷണല്‍ ജില്ലാ & സെഷന്‍സ് ജഡ്ജ് കെ.എം രതീഷ് കുമാര്‍ മുഴുവന്‍ പ്രതികളും കൊലപാതക കുറ്റം ചെയ്തതിന് കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികള്‍ 8 പേരെയും റിമാണ്ട് ചെയ്ത് സബ് ജയിലിലേയ്ക്ക് അയച്ചു. ശിക്ഷ നാളെ പ്രസ്താവിക്കും.
16-05-2010 തീയ്യതി വൈകീട്ട് 5 മണിക്ക് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുന്‍വശത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് മറ്റു സഖാക്കളോട് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ബിജുവിന്റെയും, ജിനീഷിന്റെയും അരികിലെത്തി, ബി.ജെ.പി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍, രാഷ്ട്രീയവിരോധം വെച്ച്, മാരകായുധങ്ങളായ വാളുകളും, കമ്പിവടി, ദണ്ഡുകള്‍, ഇടിക്കട്ട എന്നിവയും മറ്റുമായി 4 മോട്ടോര്‍ സൈക്കിളുകളിലായി വന്ന് വാള്‍ വീശി മറ്റുള്ളവരെയെല്ലാം ഭയപ്പെടുത്തി മാറ്റിനിര്‍ത്തിയതിനു ശേഷം ബിജുവിന്റെ തലയിലും, കയ്യിലും മറ്റും വെട്ടുകയും കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നു. തടുക്കാന്‍ ചെന്ന ജിനീഷിനെ കയ്യിലും, കാലിലും വെട്ടി പരിക്കേല്പിക്കുകയുമുണ്ടായി. തുടര്‍ന്ന് പരിക്കേറ്റ ബിജുവിനെയും ജിനീഷിനെയും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് എത്തിച്ചുവെങ്കിലും ബിജു ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ത്തന്നെ പരിക്കിന്റെ കാഠിന്യത്താല്‍ മരണപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടയില്‍ 6-ാം പ്രതി രവി എന്നയാള്‍ മരണപ്പെട്ടു. പ്രതികളായ കുമ്പളങ്ങാട് മൂരായില്‍ പരമേശ്വരന്‍ മകന്‍ ജയേഷ് (43 വയസ്സ്) ഇരവുകുളങ്ങര ശങ്കരന്‍നായര്‍ മകന്‍ സുമേഷ് (42 വയസ്സ്), കുറ്റിക്കാടന്‍ അന്തോണി മകന്‍ സെബാസ്റ്റ്യന്‍ (46 വയസ്സ്), തൈക്കാടന്‍ ഔസേഫ് മകന്‍ ജോണ്‍സണ്‍(51 വയസ്സ്), കിഴക്കോട്ടില്‍ കൃഷ്ണന്‍കുട്ടിനായര്‍ മകന്‍ ബിജു എന്ന കുചേലന്‍ ബിജു (46 വയസ്സ്), കരിമ്പന വളപ്പില്‍ തങ്കപ്പന്‍ മകന്‍ സജീഷ് എന്ന സതീഷ്( 39 വയസ്സ്). കരിമ്പനവളപ്പില്‍ വേലായുധന്‍ മകന്‍ സുനീഷ് (34 വയസ്സ്), കരിമ്പനവളപ്പില്‍ തങ്കപ്പന്‍ മകന്‍ സനീഷ്(37 വയസ്സ്) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്‍. പരിക്കു പറ്റിയ ജിനീഷ് അടക്കം മൊത്തം 24 സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകള്‍ ഉള്‍പ്പെടെ 23 തൊണ്ടി മുതലുകളും ഹാജരാക്കി.
വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇപ്പോഴത്തെ ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആയ ടി.എസ്. സിനോജാണ് കേസന്വേഷണം നടത്തി കുോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു, അഡ്വ. ശരത് ബാബു കോട്ടയ്ക്കല്‍, അഡ്വ. രേഷ്മ പി.വി എന്നിവര്‍ ഹാജരായി.





