Entertainment Kerala News

മഞ്ഞുമ്മല്‍ ബോയ്സ് തട്ടിപ്പ് കേസ്: നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടീസ്; 14 ദിവസത്തിനകം ഹാജരാകണം

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനും നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും പൊലീസ് നോട്ടീസ് അയച്ചു. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നടപടി.

സിനിമയ്ക്കായി പലഘട്ടങ്ങളിലും മുടക്കിയ 7 കോടി രൂപയും ലാഭവിഹിതവുമൊന്നും തിരികെ ലഭിച്ചില്ലെന്ന സിറാജ് എന്ന വ്യവസായിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2022 നവംബര്‍ 30ന് സിറാജ് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നും, പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ അക്കൗണ്ടിലേക്കും 51 ലക്ഷം രൂപ പണമായി കൈമാറിയതായും ആരോപണമുണ്ട്.

കരാര്‍ പ്രകാരം പരാതിക്കാരനു 40 കോടിയുടെ അര്‍ഹതയുണ്ടെന്നും അതു നല്‍കിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ അന്വേഷണം തുടരാനാകുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, നിര്‍മാതാക്കളുടെ കേസ് റദ്ദാക്കണമെന്ന ആവശ്യം മുമ്പ് തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *