ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം സേവനദായകനായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തകരാറിലായി. നെറ്റ്വര്‍ക്ക് ലഭ്യമല്ലെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ത്തി. രാവിലെ തുടങ്ങിയ തകരാറ് മൂന്ന് മണിയോടെ പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.
മൊബൈല്‍ സിഗ്നലുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ജിയോ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നതായി ഡൗണ്‍ഡിറ്റക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഡാറ്റ സംബന്ധിച്ച പ്രശ്നങ്ങളാണ് ഏറ്റവും കൂടുതല്‍, 56% ഉപയോക്താക്കള്‍ ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. 29% പേര്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായതായി ചൂണ്ടിക്കാട്ടിയപ്പോള്‍, 15% പേര്‍ ജിയോ ഫൈബര്‍ സേവനത്തിലും തടസ്സം നേരിട്ടതായി അറിയിച്ചു.
‘നോ സര്‍വീസ്’ എന്ന സന്ദേശം കൂടാതെ, ഫോണിലെ ശൂന്യമായ സിഗ്നല്‍ ബാറുകള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പങ്കുവെച്ച ഉപയോക്താക്കള്‍ ജിയോയുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ക്ക് ടാഗ് ചെയ്ത് സംഭവം സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടു. ജിയോ പിന്നീട് തകരാറിന് കാരണം തമിഴ്‌നാട്ടിലെ ഫൈബര്‍ കട്ട് ആണെന്ന് വ്യക്തമാക്കിയതോടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സേവനം പൂര്‍ണമായി പുനഃസ്ഥാപിച്ചു.





