International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രയേലിന് പിന്തുണയുമായി ജി7, ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി

ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി7 രാജ്യങ്ങള്‍. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഇറാനെ ശക്തമായി വിമര്‍ശിക്കുകയും ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.

ജി7 നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍, “ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭീകരതയ്ക്കും അസ്ഥിരതയ്ക്കും കാരണം ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ അനുവദിക്കില്ല” എന്നവയാണ് പ്രധാന പ്രസ്താവനകള്‍. കൂടാതെ അന്താരാഷ്ട്ര ഊര്‍ജ വിപണികളിലെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ മറ്റു സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി സഹകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കാനഡയിലെ കനാനാസ്‌കിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. പ്രധാന ചര്‍ച്ചാവിഷയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷമാണ്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉച്ചകോടി ഇടയ്ക്കു വച്ച് സന്ദര്‍ശനം അവസാനിപ്പിച്ച് തിരികെ മടങ്ങി. “ടെഹ്‌റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിയണം” എന്നതാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “ഇറാന്‍ ഒപ്പിടേണ്ടതായിരുന്ന കരാറില്‍ ഒപ്പിട്ടില്ല” എന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ പിന്നോട്ടടിച്ചതായി ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചു. ഉച്ചകോടിക്ക് ചെയര്‍മാനായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയാണ് അധ്യക്ഷത്വം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *