തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിർദേശപ്രകാരം നഴ്‌സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ₹25,450 മുതൽ ₹30,880 വരെയായിരിക്കും. ഈ തീരുമാനം ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ.
ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുഎന്‍എയുടെ നേതൃത്വത്തിൽ മാർച്ച് 4-ന് സെക്രട്ടേറിയറ്റിനു മുൻപിൽ നഴ്‌സുമാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയിരുന്നു. ആയിരക്കണക്കിന് നഴ്‌സുമാർ പങ്കെടുത്ത സമരത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ മിനിമം വേതനം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.





