തെഹ്റാൻ: യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇറാൻ നേരിട്ട യുഎസ്–ഇസ്രായേൽ സഖ്യത്തിന്റെ സൈനിക ആക്രമണത്തിൽ ഇതുവരെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന സൈനിക സംഘർഷത്തിനിടെ നിരവധി സാധാരണക്കാർക്കും കുട്ടികൾക്കും ജീവഹാനി സംഭവിച്ചതായി യുണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ടനുസരിച്ച് ലെബനനിൽ ഏഴ് കുട്ടികളും ഇസ്രായേൽ , കുവൈറ്റ് എന്നിവിടങ്ങളിലായി മൂന്ന് കുട്ടികളും മരിച്ചതായും അറിയിക്കുന്നു.
സംഭവങ്ങളിൽ ഏറ്റവും വേദനാജനകമായത് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലാണ് നടന്നത്. ഫെബ്രുവരി 28-ന് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെ മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം 7 മുതൽ 12 വയസുവരെയുള്ള ഏകദേശം 168 കുട്ടികളാണ് ഇവിടെ കൊല്ലപ്പെട്ടത്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഇത്തരം ആക്രമണങ്ങൾ യുദ്ധത്തിന്റെ ക്രൂരത വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്നും ഇത് കുടുംബങ്ങളെയും സമൂഹത്തെയും ദീർഘകാലം ബാധിക്കുമെന്നും യുണിസെഫ് വ്യക്തമാക്കി.
യുഎസ്–ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണങ്ങൾക്ക് ശേഷം ഇറാനിൽ 20 സ്കൂളുകളും 10 ആശുപത്രികളും നാശനഷ്ടമേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും ബാധിക്കപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ കർശനമായി പാലിച്ച് സാധാരണക്കാരെയും കുട്ടികളെയും സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങളും മുന്നോട്ട് വരണമെന്ന് യുണിസെഫ് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും കുട്ടികൾക്കും ദുരിതബാധിതർക്കും ആവശ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും സംഘടന അറിയിച്ചു.




