ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പശ്ചാത്തലത്തിൽ, വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിയമങ്ങൾ കൊണ്ടുവരുന്നു.
വിമാനത്താവളങ്ങൾക്കു സമീപമുള്ള ഉയർന്ന കെട്ടിടങ്ങൾ അല്ലെങ്കിൽ ഭീഷണിയാകുന്ന മരങ്ങൾ എന്നിവ പൊളിച്ചുമാറ്റുകയോ, അല്ലെങ്കിൽ ഉയരം കുറക്കുകയോ ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിക്കുന്നു. പുതിയ നിയമങ്ങൾ പ്രകാരം, സിവിൽ ഏവിയേഷൻ അധികൃതർ നോട്ടീസ് നൽകുന്ന 60 ദിവസത്തിനുള്ളിൽ ഉടമകൾ ആവശ്യമായ നടപടി സ്വീകരിക്കണം.
2025-ലെ “വിമാന സുരക്ഷ തടസ്സനീക്കം നിയമം” എന്ന കരടിൽ ഈ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് ശേഷം പ്രാബല്യത്തിൽ വരും. നിർദേശങ്ങളിൽ എതിർപ്പുള്ളവർക്ക് 20 ദിവസത്തിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിക്കാം.
ഉടമകൾ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം, വിമാനത്താവള ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇത് ജില്ലാ കളക്ടറെ അറിയിക്കണം, തുടർന്നുള്ള നടപടി സ്വീകരിക്കുന്നത് കളക്ടറുടെ ഉത്തരവാദിത്തം ആയിരിക്കും.
പുതിയ നിർമാണങ്ങൾക്ക് നഷ്ടപരിഹാരം ഉണ്ടാകില്ല, എന്നാൽ വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് മുൻപ് നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ നിർബന്ധിതമായി പൊളിച്ചുമാറ്റേണ്ടി വന്നാൽ അവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.
നിലവിൽ വിമാനത്താവളങ്ങളുടെ പരിസര സുരക്ഷ മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മികവുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമ നിർമ്മാണം.





