തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.
ഒക്ടോബർ 21നാണ് സർക്കാർ അവസാന ഗഡു പെൻഷൻ അനുവദിച്ചത്, അതിനുശേഷം രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു അനുവദിച്ചത്. ബുധനാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തുടങ്ങും, 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകളിലൂടെ വീട്ടിലെത്തി പെൻഷൻ കൈമാറും.
ഓണത്തിന് മുന്നോടിയായി നേരത്തെ മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നതും, മാര്‍ച്ചുമുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 33,000 കോടി രൂപയാണ് ക്ഷേമ പെൻഷൻ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്.





