Court Kerala News

വിശ്വദീപ്തി അഗ്രി. സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിരവിധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിച്ച കേസ്ഃ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കാലാവധിയായപ്പോള്‍ 59 ലക്ഷത്തില്‍പ്പരം രൂപ നല്‍കാതെ നിക്ഷേപകനെ തട്ടിച്ച കേസില്‍ പ്രതികളായ പുന്നയൂര്‍ക്കുളം വള്ളിക്കാട്ട് വളപ്പില്‍ വിഷ്ണു വി.ആര്‍. 33 വയസ്സ്, കണ്ടശ്ശാംകടവ് കാരമുക്ക് വിയ്യത്ത് ശ്രീല വി.എ. 34 വയസ്സ് എന്നിവരുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പിപി സെയ്തലവി തള്ളി ഉത്തരവായി.

തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിഷ്ണു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ മറ്റു പ്രതികളുമായി കൂട്ടു‍ ചേര്‍ന്നാണ് വിഷ്ണു തട്ടിപ്പ് നടത്തിയത്. കുന്ദംകുളത്തുള്ള ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു ശ്രീല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ഉയര്‍ന്ന പലിശ നല്‍കാമെന്ന് ഉപഭോക്താക്കളെ കളവായി പറഞ്ഞ് വിശ്വസിപ്പിച്ചും ജീവനക്കാരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് സ്ഥാപനത്തിലെ ഡയറക്ടര്‍മാരും ജീവനക്കാരും സാമ്പത്തികതട്ടിപ്പ് നടത്തിയത്.

വിശ്വദീപ്തി അഗ്രി. സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമാനരീതിയില്‍ പതിനഞ്ചോളം പരാതികള്‍ നിലവിലുണ്ടെന്നും, സ്ഥാപനത്തിന്റെ മുഴുവന്‍ ഉടമകളെയും കണ്ടെത്തേണ്ടതുണ്ടെന്നും ആയതിന്റെ അന്വേഷണം പ്രാരംഭദിശയിലാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചാല്‍ ആയത് കേസന്വേഷണത്തെ ബാധിക്കുമെന്നും മാത്രമല്ല ഇത്തരത്തിലുള്ള സാമ്പത്തികതട്ടിപ്പ് ഈ കാലഘട്ടത്തില്‍ വ്യാപകമായതിനാല്‍ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യമനുവദിക്കരുതെന്നും, ജാമ്യമനുവദിച്ചാല്‍ ആയത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും തട്ടിപ്പുകള്‍ വ്യാപകമാകുന്നതിന് ഇടവരുമെന്നുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ & ഗവ. പ്ലീഡര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *