Kerala News

കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; ഔഷധക്കൂട്ടിനൊപ്പം പൈനാപ്പിളും തണ്ണിമത്തനും

തൃശൂര്‍: കര്‍ക്കിടകപ്പുലരിയില്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. അയല്‍ ജില്ലകളില്‍ നിന്നും ആയിക്കണക്കിന് ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. ഏഴ് പിടിയാനകള്‍ ഉള്‍പ്പെടെ 63 ആനകളാണ് എത്തിയത്. സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.

പ്രത്യേക ഔഷധക്കൂട്ടുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ കൂടാതെ അവില്‍, മലര്‍, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ ചേര്‍ത്താണ് ആനകള്‍ക്ക് നല്‍കുന്നത്. 43-ാം വര്‍ഷമാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ആനയൂട്ടില്‍ പങ്കെടുക്കാന്‍ വിജയ് യേശുദാസ് അടക്കം പ്രമുഖര്‍ എത്തി. പുലര്‍ച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു മഹാഗണപതി ഹോമം. തുടര്‍ന്ന് ഏഴരയോടെ ഗജപൂജ നടന്നു. നാലു വര്‍ഷത്തിലൊരിക്കലാണ് ഗജപൂജ. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2000 കിലോഗ്രാം ശര്‍ക്കര, 2000 കിലോ അവില്‍, 500 കിലോ മലര്‍, 60 കിലോ എള്ള്, 50 കിലോ തേന്‍, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *