Court Kerala News

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ഉടമയെ കള്ളക്കേസിൽ പെടുത്തിയത് – പ്രതികളായ നാരായണ ദാസിന്റേയും ബ്യൂട്ടിപാർലർ ഉടമയുടെ ബന്ധുവായ ലിവിയ ജോസിന്റേയുംജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി


ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ഉടമയോടുള്ള വ്യക്തി വിരോധം മൂലം സുഹൃത്തിന്റെ സഹായത്തോടെ നിരോധിതമയക്കുമരുന്ന് ഉടമയുടെ സ്കൂട്ടറിൽ ഒളിപ്പിച്ചുവെച്ച് കള്ളക്കേസിൽ കുടുക്കിയതിൽ പ്രതികളായ എറണാകുളം ജില്ല തൃപ്പൂണിത്തുറ നാരായണീയം വീട്ടിൽ നാരായണ മേനോൻ മകൻ നാരായണദാസ് (54 വയസ്സ്), ബ്യൂട്ടിപാർലർ ഉടമയുടെ മകന്റെ ഭാര്യാ സഹോദരിയും എറണാകുളം ജില്ല ആലുവ താലൂക്ക് കാലടി മറ്റൂർ വില്ലേജ് പിരാവൂർ വരയിലൻ വീട്ടിൽ ജോസ് മകളുമായ ലിവിയ ജോസ് (23 വയസ്) എന്നവരുടെയും ജാമ്യാപേക്ഷ‍കള്‍ തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി തള്ളി ഉത്തരവായത്. 27.02.2023 തീയതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബപരവും തികച്ചും വ്യക്തിപരമായ കാരണങ്ങളാലും ബ്യൂട്ടി പാർലർ ഉടമയോട് കടുത്ത വ്യക്തി വിരോധം പുലർത്തിപോന്ന ലിവിയ ജോസ്, സുഹൃത്തായ നാരായണദാസിന്റെ സഹായത്തോടെ ഉടമയുടെ സ്കൂട്ടറിൽ നിരോധിത മയക്കുമരുന്നായ എൽ. എസ്. ഡി സ്റ്റാമ്പുകൾ വെച്ചിട്ടുണ്ടെന്ന് എക്സൈസ് വകുപ്പിന് വിവരം കൈമാറുകയും ചെയ്ത് കള്ള കേസിൽ കുടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ നിരപരാധിയായ ബ്യൂട്ടിപാർലർ ഉടമയ്ക്ക് 72 ദിവസം ജയിൽ വാസം ചെയ്യേണ്ടി വന്ന സാഹചര്യം പൊതുജനമധ്യത്തിലും നിയമസഭയിലും വളരെ ഗൗരവപരമായ ചർച്ചാവിഷയമാകുന്ന സംഗതി സംജാതമാകുകയും നിജസ്ഥിതി ബോധ്യപ്പെട്ട് ഹൈക്കോടതി ബ്യൂട്ടിപാർലർ ഉടമയ്ക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. എക്സൈസ് വകുപ്പിൽ നിന്നും അന്വേഷണചുമതല പോലീസ് വിഭാഗത്തിനു കൈമാറിയതിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി, പ്രതികളായ നാരായണദാസ്, ലിവിയ ജോസ് എന്നവർ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരവെയാണ് പ്രതികൾ ജാമ്യ അപേക്ഷകൾ ഫയൽ ചെയ്തത്.

അന്വേഷണമദ്ധ്യേ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവെന്നും, അതിനെത്തുടര്‍ന്ന് അന്വേഷണം പൂര്‍ത്തീകരിച്ചുവെന്നും പ്രതികള്‍ വാദിച്ചുവെങ്കിലും, ഈ കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി യോടുള്ള വിരോധം ഉല്‍ഭവിച്ചത് ഷീലയുടെ മരുമകുളും, രണ്ടാം പ്രതിയായ ലിവിയയുടെ സഹോദരിയോട് ബന്ധപ്പെട്ട പ്രശ്നങ്ങളിലാണെന്നും അതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, അതിനിടയില്‍ ജാമ്യം നല്‍കുന്ന പക്ഷം ബന്ധുക്കളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് വാദിച്ചു.

ഷീല സണ്ണിയില്‍ നിന്ന് കണ്ടെടുത്ത സ്റ്റാമ്പുകള്‍ ലഹരിപദാര്‍ത്ഥമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ഈ കേസ് എന്‍ഡിപിഎസ് നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്ന പ്രതികളുടെ വാദം ഖണ്ഡിച്ചു കൊണ്ട് എന്‍ഡിപിഎസ് ആക്ടിന്റെ 29-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ത്ഥം കൈവശം വെയ്ക്കുന്നതിന് ഗൂഢാലോചന നടത്തിയതിനു ശേഷം ലഹരി വസ്തു കൈവശം വെച്ചില്ലെങ്കിലും അത് കുറ്റകരമാകുമെന്നതിനാല്‍ പ്രതികളുടെ നടപടി എന്‍ഡിപിഎസ് നിയമത്തിലെ ഗുരുതരകുറ്റകൃത്യമാകുമെന്നും, സംസ്ഥാനത്തു തന്നെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അതീവ ഗൗരവ സ്വഭാവം പരിശോധിച്ചും ഗൂഡാലോചന നിമിത്തം ഒരു നിരപരാധി 72 ദിവസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നുവെന്നതും പരിഗണിക്കണമെന്നും, ആയതിനാല്‍ യാതൊരു കാരണവശാലും പ്രതി‍കൾക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷൻസ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഉത്തരവായത് .

Leave a Reply

Your email address will not be published. Required fields are marked *