മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ് കരുതേണ്ടെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പോർട്ടർ ചാനലിന്റെ തൃശൂർ ബ്യുറോക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് അതിക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ യുവ എംഎൽഎ നടത്തിയ പീഡന പരമ്പരയെ കുറിച്ച് വാർത്ത കൊടുത്തതിനാണ് ഈ അക്രമം എന്നത് ഞെട്ടിക്കുന്നതാണ്. ഭരണഘടന, ജനാധിപത്യം എന്നൊക്കെ നിരന്തരം പറയുന്ന രാഹുൽ ഗാന്ധി കേരളത്തിൽ കോൺഗ്രസ് നടത്തുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് മറുപടി പറയണം. പീഡനം നടത്തുന്നതും അവരെ സംരക്ഷിക്കുന്നതും മാദ്ധ്യമങ്ങളെ ആക്രമിക്കുന്നതും എല്ലാം രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാരാണ്. രാഹുൽ മാങ്കൂട്ടത്തിനോട് രാജിവെക്കാൻ പറയാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. സതീശനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് യൂത്ത് കോൺഗ്രസുകാർ കേരളത്തിൽ അഴിഞ്ഞാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.




